Close

സംസ്കാരവും പൈതൃകവും

മലപ്പുറം ജില്ലക്കാരായ മറ്റ് പ്രമുഖ കലാ-സാഹിത്യകാരന്‍മാര്‍

തൃക്കണ്ടിയൂര്‍ അച്ചുത പിഷാരടി

ജ്യോതിശാസ്ത്രം, സംസ്കൃത വ്യാകരണം, ആയുര്‍വേദം എന്നിവയില്‍ അഗ്രഗണ്യനായിരുന്ന ഇദ്ദേഹം തുഞ്ചത്തെഴുത്തച്ചന്റെ സമകാലികനും മേല്‍പ്പത്തൂര്‍ ഭട്ടത്തിരിപ്പാടിന്റെ ഗുരുവുമായിരുന്നു.

കുട്ടികൃഷ്ണമാരാര്‍

പ്രമുഖ സാഹിത്യവിമര്‍ശകനും, എഴുത്തുകാരനും മലയാള വ്യാകരണ പണ്ഠിതനുമായിരുന്ന ഇദ്ദേഹം പൊന്നാനി സ്വദേശിയായിരുന്നു.

വി.സി. ബാലകൃഷ്ണ പണിക്കര്‍

കവിയും എഴുത്തുകാരനുമായ ഇദ്ദേഹം മേല്‍മുറിക്കടുത്ത് ഊരകം എന്ന സ്ഥലത്ത് ജനിച്ചു. ‘ഒരു വിലാപം’ എന്ന ശ്രദ്ദേയമായ കവിതയുടെ ഉടമയാണ്.

എടശ്ശേരി ഗോവിന്ദന്‍ നായര്‍

കവിയും സാമൂഹിക പരിഷ്കര്‍ത്താവുമായഇദ്ദേഹം ജനിച്ചത് കുറ്റിപ്പുറത്തിനടുത്തുള്ള മല്ലൂര്‍ എന്ന സ്ഥലത്താണെങ്കിലും പിന്നീട് പൊന്നാനിയിലേയ്ക്ക് മാറുകയുണ്ടായി. കേരളത്തിലെ സമുന്നതനായ പുരോഗമനവാദിയായ എഴുത്തുകാരില്‍ ഒരാളായിരുന്നു.

പി.സി കുട്ടികൃഷ്ണന്‍ എന്ന ഉറൂബ്

പൊന്നാനിയിലെ കടവനാട് ജനിച്ച ഇദ്ദേഹത്തിന്റെ നോവലുകള്‍, ചെറുകഥകള്‍ എന്നിവ മലയാളസാഹിത്യത്തിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിച്ചവയാണ്

കെ.ദാമോദരന്‍

തിരൂരില്‍ ജനിച്ച ഇദ്ദേഹം’പാട്ടബാക്കി’എന്ന വിഖ്യാത നാടകത്തിന്റെ രചയിതാവും കമ്മ്യൂണിസ്റ്റ് ചിന്തകനും കര്‍ഷകസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയുമായിരുന്നു.

കുറ്റിപ്പുറത്ത് കേശവന്‍ നായര്‍

വയലോരങ്ങളുടെ ഉള്‍നാടന്‍ പ്രദേശങ്ങളുടെ നന്മയും പ്രമേയമായ ധാരാളം കവിതകളുടെ രചയിതാവാണ് ഇദ്ദേഹം.

പി.വി. കൃഷ്ണ വാര്യര്‍

കവികുല ഗുരു എന്നറിയപ്പെടുന്ന ഇദ്ദേഹം കോട്ടയം സ്വദേശിയാണ്.

വചസ്പതി പരമേശ്വരന്‍ മൂസാദ്

അമരകോശത്തിന്റെ വ്യാഖ്യാനത്തിലൂടെ പ്രശസ്തനായ ഇദ്ദേഹം പൊന്മള സ്വദേശിയാണ്.

ചക്കിരി മൊയ്ദീന്‍കുട്ടി

മാപ്പിള്ളപ്പാട്ടുകാരനും എഴുത്തുകാരനുമായ ഇദ്ദേഹം വേങ്ങരക്കടുത്ത് ചേറൂര്‍ സ്വദേശിയായ. ലഇതമായ മലയാളത്തില്‍ എഴുതിയിരുന്ന ഇദ്ദേഹം അറബി-മലയാളം നിഘണ്ടു തയ്യാറാക്കിയിട്ടുണ്ട്.

പി.സി. ഗോപാലന്‍ എന്ന നന്തനാര്‍

അങ്ങാടിപ്പുറം സ്വദേശിയായ ഇദ്ദേഹം തന്റെ പട്ടാള സര്‍വീസ് കാലഘട്ടത്തെ ആസ്പദമാക്കി എഴുതിയ കൃതികള്‍ പ്രസിദ്ധമാണ്.

കെ. മാധവന്‍ നായര്‍ എന്ന മാധവനാര്‍

പള്ളിക്കുന്ന് സ്വദേശിയായ ഇദ്ദേഹമാണ് ഗാന്ധിജിയുടെ ആത്മകഥ മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തത്.

വാഴേംകട കുഞ്ഞുനായര്‍

പ്രശസ്ത കഥകളി നടനും ആചാര്യനുമായ ഇദ്ദേഹം മലപ്പുറം സ്വദേശിയാണ്

ഇവരെ കൂടാതെ വടശ്ശേറി പരമേശ്വരന്‍ നമ്പൂതിരി, നീലകണ്ഠ സോമയാജി, കെ.സി. കോമുക്കുട്ടി മൗലവി, ഒ ചന്തു മേനോന്‍, എം. ഗോവിന്ദന്‍, വള്ളത്തോള്‍ ഗോപാലമേനോന്‍, കുറ്റിപ്പുറത്ത് കിട്ടുണ്ണി നായര്‍, കടവനാട് കുട്ടികൃഷ്ണന്‍ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത സാഹിത്യകാരന്‍മാര്‍ക്ക് ജന്മം നല്‍കിയ നാടാണ് മലപ്പുറം.

മലപ്പുറത്തെ കല

ആര്യവൈദ്യശാലയുടെ സ്ഥാപകനായ യശ്ശശരീരനായ പി.എസ് വാര്യരുടെ നേതൃത്വത്തില്‍ ആരംഭിച്ച പരമശിവ വിലാസം നാടക കമ്പനിയാണ് മലയാളം നാടകങ്ങള്‍ക്ക് ആക്കം കൂട്ടിയത്. മലയാള നാടകങ്ങള്‍ക്കായി കോട്ടക്കലില്‍ ഒരു സ്ഥിരം അരങ്ങ് രൂപപ്പെടുത്തുകയുണ്ടായി. പിന്നീട് പി.എസ്.വി നാട്യസംഘം എന്ന് പുനര്‍നാമകരണം ചെയ്ത ശേഷം കമ്പനി കഥകളിക്ക് പ്രാധാന്യം നല്‍കാന്‍ ആരംഭിച്ചു.

കോല്‍ക്കളി, ദഫ് മുട്ട് അര്‍ബനമുട്ട് എന്നീ ഇസ്ലാമിക കലകളും ജില്ലയുടെ സവിശേഷതകളില്‍ പെടുന്നു. ചവിട്ടുകളി (ചെറുമക്കളി) യും പുരാതന കലകളില്‍ ഉള്‍പ്പെടുന്നു.

ഗ്രന്ഥശാല

ജില്ലയില്‍ മികച്ച ഗ്രന്ഥശാലകളുടെ ഒരു ശൃംഖല തന്നെയുണ്ട്. കേരള ഗ്രന്ഥശാലസംഘം വളരെ മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഒരു ജില്ലയാണ് മലപ്പുറം. ലൈബ്രറി കൗണ്‍സിലിന്റെ അംഗീകാരത്തോട് കൂടിയ 388 ലൈബ്രറികള്‍ ജില്ലക്ക് സ്വന്തമായുണ്ട്.