Close

താല്പര്യമുള്ള സ്ഥലങ്ങള്‍

തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

ഗരുഡ ക്ഷേത്രം

ഹിന്ദു മതത്തിലെ പ്രമുഖ ദൈവമായ വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഇന്ത്യയില്‍ തന്നെയുള്ള ഏക ക്ഷേത്രമാണ് തൃപ്രങ്ങോട് ചാമ്രവട്ടം റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം . സന്ദര്‍ശന സമയം കാലത്ത് 05.00 മണി മുതല്‍ 10.00 മണി വരെ, വൈകീട്ട് 05.00 മണി മുതല്‍ 06.00 മണി വരെ (ഞായറാഴ്ചകളില്‍ കാലത്ത് 05.00 മണി മുതല്‍ 10.30 വരെ, വൈകീട്ട് 04.30 മുതല്‍ 06.00 മണി വരെ).

ശ്രീ കാടാമ്പുഴ ഭഗവതി ക്ഷേത്രം

തിരൂര്‍ താലൂക്കിലെ മേല്‍മുറി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയെ ബന്ധിപ്പിക്കുന്ന വെട്ടിച്ചിറയില്‍ നിന്ന് 3 കിലോ മീറ്റര്‍ വടക്കോട്ട് മാറിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇന്ന് കാണുന്ന ഈ ക്ഷേത്രം നിര്‍മിച്ചത് ശങ്കരാചാര്യര്‍ ആണ് എന്ന് കരുതപ്പെടുന്നു. ശങ്കരാചാര്യര്‍ പ്രതിഷ്ഠ നടത്തി എന്ന് കരുതപ്പെടുന്ന വൃശ്ചിക മാസത്തിലെ കാര്‍ത്തിക നാള്‍ ഏറ്റവും ശുഭകരമായ ദിവസങ്ങളിലൊന്നായി കണക്കാക്കി അന്നേ ദിവസം അമ്പലത്തില്‍ ആഘോഷമായി കൊണ്ടാടി വരുന്നു.

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം

തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ചിത്രം

പെരിന്തല്‍മണ്ണയില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലമുള്ള ഈ ക്ഷേത്രം കേരളത്തിലെ അതിപുരാതനമായ മഹാക്ഷേത്രങ്ങളിലൊന്നായി കരുതപ്പെടുന്നു.

അങ്ങാടിപ്പുറം തളി ശ്രീ മഹാദേവ ക്ഷേത്രം

തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ നിന്ന് 200 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം അതിപുരാതനവും പരശുരാമന്‍ സ്ഥാപിച്ചു എന്ന് കരുതപ്പെടുന്ന 18 തളി ക്ഷേത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു.

തിരുന്നാവായ നവാമുകുന്ദ ക്ഷേത്രം

തിരൂര്‍ താലൂക്ക് ആസ്ഥാനത്ത് നിന്ന് 12 കിലോ മീറ്റര്‍ മാറി ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ശിവഭഗവാന്‍ പ്രതിഷ്ഠയായുള്ളതുമായ ഈ ക്ഷേത്ര പരിസരത്താണ് പരമ്പരാഗതമായ മാമാങ്കം എന്ന ചാവേര്‍പ്പടകളുടെ ആയുധഅഭ്യാസമത്സരം നടന്നിരുന്നത്. കാലാനുസൃതായ മാറ്റങ്ങള്‍ ധാരാളം വരുത്തിയിട്ടുള്ളതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത് 1300 വര്‍ഷങ്ങള്‍ക്ക് മുമ്പ് വെട്ടത്ത് രാജയുടെ നിര്‍ദ്ദേശപ്രകാരം ഇതിഹാസമായ ആശാരി പെരുംതച്ചന്‍ നിര്‍മിച്ചു എന്ന് കരുതപ്പെടുന്ന വര്‍ഷത്തില്‍ മേടം ഒന്നിനും കന്നി ഒന്നിനും സുര്യ രശ്മികള്‍ നേരിട്ട് വിഗ്രഹത്തില്‍ പതിക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ശ്രീകോവിലാണ്. ഇതിനെല്ലാം പുറമേ പിതൃക്കളുടെ ബലി കര്‍മങ്ങള്‍ക്ക് പേര് കേട്ടതാണ് ഈ ക്ഷേത്രം.

ശ്രീ. ആലത്തിയൂര്‍ ഹനുമാന്‍ കാവ് ക്ഷേത്രം

ഹനുമാന്‍ സ്വാമിയുടെ ആശീര്‍വാദത്തിനായി ലോകത്തെമ്പാടുമുള്ള ഹിന്ദുമതവിശ്വാസികള്‍ കാലാകാലങ്ങളായി വന്ന് കൊണ്ടിരിക്കുന്ന ഈ ക്ഷേത്രം സപ്തര്‍ഷികളില്‍ പ്രമുഖനായ വസിസ്ഷ്ഠ മഹര്‍ഷി 3000വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചുവെന്നാണ് ഐതീഹ്യം.

ജമാ-അത്തെ-പള്ളി/ വലിയ ജുമാ പള്ളി

കേരളത്തിലെ ഇസ്ലാം മതവിശ്വാസികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് മലപ്പുറം- വേങ്ങര റോഡില്‍ സ്ഥിതി ചെയ്യുന്ന വെളുത്ത ചുമരുകളും നീല വാതിലുകളും ഉള്ള ഹിന്ദുക്ഷേത്രസമാനമായി നിര്‍മിക്കപ്പെട്ടിട്ടുള്ള ഈ പള്ളി. ഇവിടത്തെ പള്ളിയില്‍ വര്‍ഷം തോറും നാല് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ നടക്കാറുണ്ട്. പള്ളിക്ക് സമീപമായി മാപ്പിളപ്പാട്ടുകളാല്‍ അനശ്വരരായ മാപ്പിളലഹളയിലെ വീരരക്തസാക്ഷികളുടെ ഖബര്‍ സ്ഥിതി ചെയ്യുന്നു.

തൃക്കണ്ടിയൂര്‍ ശിവ ക്ഷേത്രം

തിരൂര്‍ റെയില്‍വേ സ്റ്റേഷനടുത്ത് സ്ഥിതി ചെയ്യുന്ന പുരാതനമായ ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ പരശുരാമന്‍ സ്ഥാപിച്ചതാണെന്ന് കരുതപ്പെടുന്നു.

വേട്ടക്കൊരുമകന്‍ ക്ഷേത്രം

നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 4 കിലോ മീറ്റര്‍ അകലെയും കാലിക്കറ്റ് വിമാനത്താവളത്തില്‍ നിന്ന് 35 കിലോ മീറ്ററും അകലെയായി ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നു.

താനൂര്‍ കേരളദേശപുരം ക്ഷേത്രം

താനൂര്‍ നഗരത്തില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ തെക്ക് മാറി സ്ഥിതി ചെയ്യുന്ന വിഷ്ണുക്ഷേത്രം കേരളത്തിലെ പുരാതനക്ഷേത്രങ്ങളിലൊന്നായി കരുതപ്പെടുന്നു.

പൊന്നാനി ജുമാ പള്ളി

16-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ടതായി കരുതപ്പെടുന്ന ഈ പള്ളി മലബാറിന്റെ കൊച്ചുമെക്ക എന്നറിയപ്പെട്ടിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ആത്മീയ വിദ്യാഭ്യാസത്തിനായി ഇവിടെ വന്നിരുന്നതായി പറയപ്പെടുന്നു.

മമ്പുറം

 

മലബാര്‍ മുസ്ലീംങ്ങളുടെ ആത്മീയ നേതാക്കളായി അറിയപ്പെടുന്ന തങ്ങള്‍ കുടുംബത്തിന്റെ ഖബറിടം നിലകൊള്ളുന്ന ഈ സ്ഥലം തിരൂര്‍ നഗരത്തില്‍ നിന്ന് കിഴക്ക് 26 കിലോ മീറ്റര്‍ അകലെയായി എ.ആര്‍. നഗര്‍ വില്ലേജില്‍ സ്ഥിതി ചെയ്യുന്നു.

കൊണ്ടോട്ടി പഴയങ്ങാടി പള്ളി

കൊണ്ടോട്ടി പഴയങ്ങാടി പള്ളി ചിത്രം

മഞ്ചേരി നഗരത്തില്‍ നിന്ന് 18 കിലോ മീറ്റര്‍ കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മുഗള്‍ കെട്ടിട നിര്‍മാണ രീതിയെ ഓര്‍മ്മപ്പെടുത്തുന്ന ഈ പള്ളിയില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടന്നു വരുന്ന 3 ദിവസം നീണ്ടുനില്‍ക്കുന്ന വലിയ നേര്‍ച്ച പെരുന്നാള്‍ ഒരു പ്രാദേശിക സാംസ്കാരിക പരിപാടി കൂടിയാണ്.

 

ചമ്രവട്ടം ശാസ്ത ക്ഷേത്രം

ഇതിഹാസമായ പെരുംതച്ചനാശാരി നിര്‍മിച്ചു എന്ന് പറയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ വിഗ്രഹം നദിനിരപ്പിനൊപ്പമെങ്കിലും അതുള്‍ക്കൊള്ളുന്ന ശ്രീ കോവിലിനേക്കാള്‍ താഴെയായി സ്ഥിതി ചെയ്യുന്നു. ശബരിമല തീര്‍ത്ഥാടകര്‍ ഈ ക്ഷേത്രത്തിലും സന്ദര്‍ശനം നടത്തുന്ന പതിവുണ്ട്.

കോട്ടക്കല്‍ വെങ്കട്ടത്തേവര്‍ ക്ഷേത്രം

ശ്രീകോവിലിനു ചുറ്റുമായി 64 ഓളം ചുമര്‍ചിത്രങ്ങളുള്‍പ്പെട്ട ഈ ശിവക്ഷേത്രം ചുമര്‍ചിത്രങ്ങളുടെ വൈവിധ്യത്താലും ഏപ്രില്‍ മാസത്തില്‍ നടന്ന് വരുന്ന ഉത്സവത്തിനാലും പ്രസിദ്ധമാണ്.

പുത്തനങ്ങാടി പള്ളി

മലപ്പുറത്ത് നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള ഈ പള്ളിയുടെ പ്രധാന സവിശേഷത പുരാതന അറബിക്ക് ലിഖിതമുള്‍ക്കുള്ളൊന്ന ഫലകങ്ങളാണ്.

പുത്തന്‍പള്ളി

വെളിയങ്കോട് സ്ഥിതി ചെയ്യുന്ന ഈ പള്ളിയിലെ നേര്‍ച്ച പെരുന്നാള്‍ ആരംഭിച്ചത് ദിവംഗതനായ വെളിയംകോട് തങ്ങളുടെ ഓര്‍മക്കായാണ്.

വെളിയങ്കോട്

പൊന്നാനിയില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം സാമുദായിക/സാമൂഹിക പരിഷ്കര്‍ത്താക്കളായ ഉമ്ര‍ ഖാസി, മഖ്തി തങ്ങള്‍ എന്നവരുടെ ജന്മദേശം എന്ന നിലയില്‍ പ്രസിദ്ധമാണ്.

ജില്ലയിലെ പ്രധാന ബീച്ചുകള്‍

പടിഞ്ഞാറേക്കര ബീച്ച്

പൊന്നാനിയിലെ ടിപ്പുസുല്‍ത്താന്‍ റോഡ് അവസാനിക്കുന്നത് ഈ ബീച്ചിലാണ്. ഭാരതപ്പുഴ, തിരൂര്‍പ്പുഴ എന്നിവ അറബിക്കടലിലേയ്ക്ക് ലയിക്കുന്ന മനോഹരമായ കാഴ്ച ഇവിടെ കാണാന്‍ സാധിക്കുന്നതാണ്. വിനോദസഞ്ചാരികള്‍ക്കായി വാട്ടര്‍ സ്കൂട്ടറുകള്‍, സ്പീഡ് ബോട്ടുകള്‍, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കോഫീ ഷോപ്പ് എന്നിവയും ഇവിടെയുണ്ട്. ദേശാടനപക്ഷികളെ ധാരാളമായികണ്ടുവരുന്ന ഈ സ്ഥലം പക്ഷി നിരീക്ഷണത്തിന് പേര് കേട്ടതാണ്.

വാക്കാട് ബിച്ച്

തിരൂര്‍പ്പുഴ കടലിലേയ്ക്ക് ലയിക്കുന്നത് വാക്കാട് ബീച്ചിലുടെയാണ്. ആനമലയില്‍ നിന്നും തിരൂര്‍ പുഴയിലൂടെ ആരംഭിച്ച് കായലിലൂടെ പോയി പുഴ കടലില്‍ ലയിക്കുന്ന കാഴ്ചയും ദേശാടനപക്ഷികളുടെ കൂട്ടത്തെയും കണ്ടാസ്വദിക്കുന്നതിന് ബോട്ട് യാത്ര ഉപയോഗപ്പെടുത്താവുന്നതാണ്.

പരപ്പനങ്ങാടി ബീച്ച്

വള്ളിക്കുന്നില്‍ നിന്നും തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ ബീച്ചിലേയ്ക്ക് കോഴിക്കോട്-തിരൂര്‍ റോഡ് മാര്‍ഗവും, പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനില്‍ നിന്നും എത്താന്‍ സാധിക്കും.

ഓട്ടുംപുറം ബീച്ച്

താനൂരില്‍ നിന്നും 8 കിലോമീറ്റര്‍ അകലെയുള്ള ഈ ബീച്ചിലേയ്ക്ക് തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും എളുപ്പം എത്താന്‍ സാധിക്കുന്നതാണ്.

കായലുകളും നദിയോര വിനോദ സഞ്ചാരകേന്ദ്രങ്ങളും

ബിയ്യാം കായല്‍

പൊന്നാനിയില്‍ നിന്ന് 3 കിലോമീറ്ററോളം അകലെയുള്ള ഹരിതാഭമായ ഈ കായലോരത്തേക്ക് ഗുരുവായൂര്‍-ചാവക്കാട് റോഡിലൂടെ എത്തിച്ചേരാവുന്നതാണ്. ബോട്ടിംഗ് സൗകര്യമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

കടലുണ്ടി കായലും പക്ഷി സങ്കേതവും

മലപ്പുറം കോഴിക്കോട് ബോര്‍ഡറില്‍ ഉള്ള നയനമനോഹര കാഴ്ചകളില്‍ ഒന്നാണ് 400 ഹെക്ടറോളം വരുന്ന തണ്ണീര്‍ത്തടങ്ങളാലും കണ്ടല്‍ക്കാടുകളാലും സമൃദ്ധമായ കടലുണ്ടി അഴിമുഖം. 36 ല്‍ പരം വ്യത്യസ്തമായ ചെടികളും കണ്ടല്‍ ചെടികളിലെ വൈവിധ്യമാര്‍ന്ന അവിസിന്നിയ, എക്സോസീനിയ, ബ്രുഗേരിയ എന്നിവയും കണ്ടല്‍ ചെടികളുമായി ചേര്‍ന്ന് നില്‍ക്കുന്ന അക്കാന്തസ്, ഡെറിസ് എന്നിവയും ഇവിടെ കണ്ടു വരുന്നു. 1995 മുതല്‍ ഈ സ്ഥലം വനം വകുപ്പ് സംരക്ഷിതവനമേഖലായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളതാണ്.

മുടിയം കായല്‍

കടലുണ്ടി-പരപ്പനങ്ങാടി റോഡ് പാതയിലൂടെ എത്തിച്ചേരാവുന്ന കേരനിരകളാല്‍ വലയം ചെയ്യപ്പെട്ട ശുദ്ധജലതടാകമാണ് മുടിയം. ജലകായികവിനോദങ്ങള്‍ക്ക് അനുയോജ്യമായ ഈ സ്ഥലം പുരാതനമായ രവിമംഗലം ക്ഷേത്രത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.

കള്ളിക്കാട്

മനോഹരമായ ചാലിയാര്‍പുഴയുടെ തീരമാണ് വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ ഉള്ള കള്ളിക്കാട്. കൊണ്ടോട്ടിയില്‍ നിന്ന് 15 കിലോമീറ്ററും എടവണ്ണയില്‍ നിന്നും 2 കിലോമീറ്ററും യാത്ര ചെയ്താല്‍ ഇവിടെ എത്താവുന്നതാണ്.

അഴിഞ്ഞില്ലം

മലപ്പുറം കോഴിക്കോട് അതിര്‍ത്തിയില്‍ ഉള്ള മറ്റൊരു ചാലിയാര്‍ നദിയോര വിനോദസഞ്ചാരകേന്ദ്രമായ അഴിഞ്ഞില്ലം കോഴിക്കോട് നഗരത്തില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും 14 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.

സംസ്കാരവും പൈതൃകവും

തുഞ്ചന്‍ പറമ്പ്

മലയാള ഭാഷയുടെ പിതാവെന്ന് അറിയപ്പെടുന്ന തുഞ്ചത്ത് എഴുത്തച്ചന്റെ ജന്മദേശമാണ് ഈ സ്ഥലം. ഇക്കാരണത്താല്‍ തന്നെ വിജയദശമിനാളില്‍ വിദ്യാരംഭം കുറിക്കുന്നതിന് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തുന്നത് ഇവിടെയാണ്. എഴുത്തച്ചന്‍ വിഖ്യാതമായ കാഞ്ഞിരമരത്തിന് കീഴിലിരുന്ന് ഇരുമ്പ് എഴുത്താണി ഉപയോഗിച്ചെഴുതിയ സാഹിത്യസൃഷ്ടികള്‍ ഇവിടെ പ്രദര്‍നത്തിന് വെച്ചിട്ടുള്ളതാകുന്നു.

പൂക്കോട്ടൂര്‍ കവാടം

മലപ്പുറം നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പൂക്കോട്ടൂര്‍ യുദ്ധത്തിലെ വീരരക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചിട്ടുള്ള യുദ്ധസ്മാരകമാണ് ഇത്.

താനൂര്‍

മത്സ്യബന്ധന പട്ടണമായ താനൂര്‍ പോര്‍ട്ടുഗീസ് അധിനിവേശക്കാരുടെ ഇന്ത്യയിലെ ആദ്യത്തെ കുടിയേറ്റ സ്ഥലങ്ങളിലൊന്നാണ്. വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ ഈ സ്ഥലം എ.ഡി 1546 ല്‍ സന്ദര്‍ശിച്ചതായി കരുതുന്നു.

തിരൂരങ്ങാടി

1921 ലെ ഐതിഹാസികമായ മലബാര്‍ ലഹളക്ക് സാക്ഷ്യം വഹിച്ച മണ്ണാണ് തിരൂരങ്ങാടി

മാമ്പുറം

ബ്രിട്ടീഷ് പട്ടാളത്തിനെതിരായ മാപ്പിള ലഹളയുടെ പ്രധാനകേന്ദ്രങ്ങളിലൊന്നായ മാമ്പുറം മലപ്പുറം നഗരത്തില്‍ നിന്ന് 25 കിലോ മീറ്ററും തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 22 കിലോ മീറ്ററും അകലെയായി നിലകൊള്ളുന്നു

വാഗണ്‍ ട്രാജഡി മെമ്മോറിയല്‍

1921 നവമ്പര്‍ 20 ന് മാപ്പിള ലഹളയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 67 പേരെ കോയമ്പത്തൂര്‍ ജയിലിലേയ്ക്ക് കൊണ്ടുംപോകും വഴി പട്ടാളത്തിന്റെ അനാസ്ഥ മൂലം തീവണ്ടിക്കുള്ളില്‍ ശ്വാസം കിട്ടാതെ പിടഞ്ഞ് മരിച്ച ഈ സംഭവം ബ്രിട്ടീഷുകാര്‍ക്കെതിരായ സ്വാതന്ത്ര്യസമരത്തിന് പൊതുജനപിന്തുണ വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. ഇതിന്റെ സ്മരണാര്‍ത്ഥം മലപ്പുറം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഈ സംഭവത്തെ ഓര്‍മ്മപ്പെടുത്തുന്ന സ്മാരകം സൂക്ഷിച്ച് വരുന്നു.

മാമാങ്കം സ്മാരകങ്ങള്‍

ചേരവംശ രാജാവായ കുലശേഖരന്റെ ഭരണകാലമായ14-ാം നൂറ്റാണ്ടില്‍ ആരംഭിച്ച് 18-ാം നൂറ്റാണ്ട് വരെ നീണ്ടു നിന്ന തിരുന്നാവായ എന്ന സ്ഥലത്ത് ഭാരതപ്പുഴയുടെ തീരത്ത് 12 വര്‍ഷത്തിലൊരിക്കല്‍ നടന്ന് വന്നിരുന്ന 28 ദിവസം നീണ്ടു നിന്നിരുന്ന ആയോധന-അഭ്യാസ മത്സരമാണ് മാമാങ്കം. താഴെപ്പറയുന്നവ മാമാങ്കത്തിന്റെ ഓര്‍മ്മക്കായി നിലകൊള്ളുന്നതും ജില്ലാ ചൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ സംരക്ഷണയിലുള്ളതുമായ സ്മാരകങ്ങളാണ്.

മണിക്കിണര്‍

കോട്ടക്കല്‍-ആലത്തിയൂര്‍ വഴിയില്‍ വരുന്ന ഈ സ്ഥലത്താണ് ശത്രുപക്ഷത്ത് നിന്ന് പിടിച്ച ആനകളെ മറവ് ചെയ്തിരുന്നത്

നിലപാട് തറ

കോട്ടക്കല്‍ തിരൂര്‍ വഴിയില്‍ വരുന്ന ഈ സ്ഥലം മാമാങ്കത്തിന്റെ വേദിയായിരുന്നു.

മരുന്നറ

കോട്ടക്കല്‍-ബന്ദര്‍ വഴിയിലുള്ള ഈ സ്ഥലത്താണ് രാജാക്കന്‍മാര്‍ യുദ്ധത്തിനാവശ്യമായ വെടിമരുന്നുകള്‍ സൂക്ഷിച്ചിരുന്നത്

ചങ്ങംപുള്ളി കളരി

താവത്തറ-കുറ്റിപ്പുറം റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്താണ് സൈന്യം യുദ്ധപരിശീലനം നടത്തിയിരുന്നത്

പഴുക്കമണ്ഡപം

തിരുന്നാവായ ക്ഷേത്രത്തിന് അടുത്തുള്ള ഈ മണ്ഡപത്തിലിരുന്നാണ് രാജാക്കന്‍മാര്‍ മാമാങ്കം കണ്ടിരുന്നത്.

നിലമ്പൂര്‍ കോവിലകം

നാട്ടുരാജാക്കന്‍മാരുടെ അക്കാലത്തെ വസതിയായിരുന്ന ഇവിടം ചുമര്‍ചിത്രങ്ങളാലും മരപ്പണികളാലും പേര് കേട്ടതാണ്.

നിലമ്പൂര്‍ തേക്ക് മ്യൂസിയം

1840ല്‍ ബ്രിട്ടീഷ്‍കാര്‍ ആദ്യ പ്ലാന്റേഷന്‍ ആരംഭിച്ചത് മുതല്‍ സംസ്ഥാനത്തെ പ്രമുഖ തേക്ക് കേന്ദ്രമായ നിലമ്പൂരില്‍ അതിന്റെ പ്രാധാന്യമുള്‍ക്കൊണ്ട് 1995 ല്‍ ആരംഭിച്ച ലോകത്തിലെ തന്നെ ആദ്യത്തെ തേക്ക് മ്യൂസിയം നിലമ്പൂര്‍ നഗരത്തില്‍ നിന്ന് 4 കിലോമീറ്റര്‍ അകലെയുള്ള കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ട് ക്യാംപസിലുള്ള2 നിലക്കെട്ടിടത്തിലാണ് സ്ഥിതിചെയ്യുന്നത്.

 വെള്ളച്ചാട്ടങ്ങള്‍

ആഡ്യന്‍പാറ വെള്ളചാട്ടം

നിലമ്പൂര്‍ താലൂക്കില്‍ നിന്നും 14 കിലോമീറ്റര്‍ അകലെ കുറുമ്പിലങ്ങോട് വില്ലേജില്‍ ഉള്ള മനോഹരമായതും ധാരാളം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായ ചെങ്കുത്തായ വെള്ളചാട്ടമാണ് ഇത്.

കേരളംകുണ്ട് വെള്ളച്ചാട്ടം

കരുവാരക്കുണ്ട് വില്ലേജില്‍ ഉള്ള സമുദ്രനിരപ്പില്‍ നിന്നും 2000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന്റെ ഉത്ഭവം സൈലന്റ് വാലിയില്‍ നിന്നാണ്.

കോഴിപ്പാറ വെള്ളചാട്ടം

ചോക്കാട് ചോലയുടെ ഭാഗമായി കോഴിപ്പാറ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന്റെ പരിസരം എപ്പോഴും കോടമഞ്ഞ് നിറഞ്ഞതായി കാണപ്പെടുന്നു.

അയ്യപ്പനോവ് വെള്ളച്ചാട്ടം

കുറ്റിപ്പുറത്തിനടുത്ത് കാണപ്പെടുന്ന ഈ വെള്ളചാട്ടം തിരൂര്‍പുഴയുടെ ആരംഭമായി കരുതപ്പെടുന്നു. കുറ്റിപ്പുറം നഗരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലത്തിനടുത്താണ് ആഴ്വഞ്ചേരി മനയും മേല്‍പത്തൂര്‍ മണ്ഡപവും തിരുന്നാവായയും ഉള്ളത്.

ഒലി വെള്ളച്ചാട്ടം

എടവണ്ണ വില്ലേജില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെയുള്ള കാടിനാല്‍ ചുറ്റപ്പെട്ട മനോഹരമായ വെള്ളച്ചാട്ടമാണിത്

പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം

പെരിന്തല്‍മണ്ണക്കടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്ത് ജൂണ്‍-ഡിസംബര്‍ മാസങ്ങള്‍ക്കിടയില്‍ മനഹോരമായ വെള്ളച്ചാട്ടം കാണാന്‍ സാധിക്കുന്നതാണ്.

സാംസ്കാരിക സ്മാരകങ്ങള്‍

ചെറുകാട് സ്മാരകം

മലയാള കവിയും നോവസിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന ചെറുകാട് ഗോവിന്ദപിഷാരടിയുടെ ജന്മദേശം. പെരിന്തല്‍മണ്ണയില്‍ നിന്ന് 16 കിലോ മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.

മേല്പത്തൂര്‍ മണ്ഡപം

കുറ്റിപ്പുറത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള ഈ സ്ഥലം മേല്‍പത്തൂര്‍ നാരായണഭട്ടത്തിരിയുടെ ജന്മദേശമാണ്.

വള്ളത്തോള്‍ സ്മാരകം

തിരൂരില്‍ നിന്ന് 15 കിലോ മീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം മലയാള സാഹിത്യത്തിലെ ഇതിഹാസമായ കവി വള്ളത്തോള്‍ നാരായണ മേനോന്റെ ജന്മദേശമാണ്.

മഹാകവി മോയിന്‍കുട്ടിവൈദ്യര്‍ സ്മാരകം

മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ജന്മസ്ഥലമായ കൊണ്ടോട്ടിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്മാരകം ബദര്‍പ്പാട്ട്, മാപ്പിളപ്പാട്ട്, മാപ്പിളകളി, നാടന്‍കാലരൂപങ്ങളുടെ പഠനകേന്ദ്രം, ഗ്രന്ഥശാല, ചരിത്ര മ്യൂസിയം എന്നിവ ഉള്‍ക്കൊള്ളുന്ന വലിയ സമുച്ചയമാണ്.

ഞരളത്ത് കലാശ്രമം

സോപാന സംഗീതാചാര്യനായിരുന്ന ഞരളത്ത് രാമപൊതുവാളിന്റെ ജന്മദേശമായ ഈ സ്ഥലം പെരിന്തല്‍മണ്ണയില്‍ നിന്ന് 2 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.

കീഴാറ്റൂര്‍ പൂന്താനം ഇല്ലം

കൃഷ്ണഭക്തിപ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവും ജ്ഞാനപ്പാന എന്ന കൃതിയുടെ ഉടമയുമായ പൂന്താനം നമ്പൂതിരിയുടെ വീടാണ് ഈ ഇല്ലം. ഇതിന് സമീപത്തായി അദ്ദേഹം കൃഷ്ണസ്തുതി പാടിയിരുന്ന അമ്പലവും സ്ഥിതി ചെയ്യുന്നു.

കൊടപ്പനക്കല്‍ തറവാട്

മലബാര്‍ മുസ്ലീങ്ങളുടെ ആത്മീയാചാര്യനായ സയ്യിദ് പൂക്കോയ തങ്ങള്‍, ഷിഹാബ് തങ്ങള്‍ എന്നിവരുടെ തറവാടാണ് ഇത്.

ഏലംകുളം മന

കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇം.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ തറവാടായ ഈ സ്ഥലം പെരിന്തല്‍മണ്ണയില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.

പുലിക്കോട്ടില്‍ ഹൈദര്‍ സ്മാരകം

മാപ്പിള കവിതാരചനയിലെ ഇതിഹാസമായ പുലിക്കോട്ടില്‍ ഹൈദരുടെ ജന്മസ്ഥലമായ ഇത് വണ്ടൂര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്നു.

എടശ്ശേരി സ്ക്വയര്‍

പൂതപ്പാട്ടിലൂടെ പ്രശസ്തനായ മലയാളകവി എടശ്ശേരി ഗോവിന്ദന്‍ നായരുടെ ഓര്‍മ്മക്കായി ഭാരതപ്പുഴയുടെ തീരത്ത് നിളയോരം പാര്‍ക്കിലായി സ്ഥിതി ചെയ്യുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍

തുഞ്ചത്ത് എഴുത്തച്ചന്‍ മലയാള സര്‍വകലാശാല

2012 നവമ്പര്‍ 1 ന് നിലവില്‍ വന്ന ഈ സര്‍വകലാശാലയുടെ പ്രാഥമികലക്ഷ്യം മലയാളഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും പ്രചരണവും ഗവേഷണവുമാണ്.

കാലിക്കറ്റ് സര്‍വകലാശാല

കേരളത്തിലെ ഏറ്റവും വലിയ സര്‍വകലാശാലയായ കാലിക്കറ്റ് സര്‍വകലാശാല 1968 രൂപം കൊണ്ടു. വടക്കന്‍ കേരളത്തിന്റെ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും കഴിവ് വളര്‍ത്തിയെടുക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. മലപ്പുറം നഗരത്തില്‍ നിന്ന് 35 കി.മി അകലെയായി തേഞ്ഞിപ്പാലം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി

2010 ല്‍ സ്ഥാപിതമായ ഈ സര്‍വകലാശാല പെരിന്തല്‍മണ്ണയില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു.
ഇ.എഫ്.എല്‍ (ഓഫ് ക്യംപസ്) സര്‍വകലാശാല

മലപ്പുറം നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായി പാണക്കാട് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

ഗവഃ മെഡിക്കല്‍ കോളേജ്, മഞ്ചേരി

മലപ്പുറം നഗരത്തില്‍ നിന്ന് 12 കിലോമീറ്റര്‍‍ അകലെയായി സ്ഥിതി ചെയ്യുന്നു.

വൈദ്യരത്നം പി.എസ് ആയുര്‍വേദ കോളേജ്

കോട്ടക്കലില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം സംസ്ഥാനത്തെ തന്നെ മികച്ച ആയുര്‍വേദ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഒന്നാണ്.

പാര്‍ക്കുകള്‍

ചെരണി ചില്‍ഡ്രന്‍സ് പാര്‍ക്ക്

മഞ്ചേരിയില്‍ നിന്ന് 3 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്നു

ശാന്തിതീരം റിവര്‍സൈഡ് നടപ്പാത

മലപ്പുറം സിവില്‍സ്റ്റേഷനുസമീപം കടലുണ്ടിപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു.

നിളയോരം പാര്‍ക്ക്

നിളയോരം പാര്‍ക്ക് ചിത്രം

കുറ്റിപ്പുറത്ത് ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്നു

വണ്ടൂര്‍ ടൗണ്‍ സ്ക്വയര്‍

വണ്ടൂര്‍ നഗരത്തിലായി സ്ഥിതി ചെയ്യുന്നു.

ട്രെക്കിംഗ്

ഊരകം മല

വേങ്ങരക്ക് സമീപമുള്ള ഊരകം മലയുടെ മുകളില്‍ പഴയ ജൈന ക്ഷേത്രത്തിന്റെ അവശേഷിപ്പ് കാണാന്‍ സാധിക്കും. എയര്‍പോര്‍ട്ട്, താഴവര, അറബിക്കടല്‍ എന്നിവയും മലയുടെ മുകളില്‍ നിന്ന് കാണാന്‍ സാധിക്കും.

മിനി ഊട്ടി

ഊരകം മലയുടെ താഴ് വരയാണ് മിനി ഊട്ടി എന്നറിയപ്പെടുന്ന പ്രകൃതിരമണീയമായ ഈ സ്ഥലം

പഴശ്ശി ഗുഹ

നിലമ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയായി കാക്കാട്ംപൊയ്യില്‍ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു.

പന്തീരായിരം കാട്

ആഡ്യന്‍പാറ വെള്ളചാട്ടത്തിനടുത്തായി സ്ഥിതി ചെയ്യുന്നു.

പന്തല്ലൂര്‍ മല

മഞ്ചേരിയില്‍ നിന്നും 14 കിലോമീറ്ററും മലപ്പുറത്ത് നിന്ന് 17 കിലോമീറ്ററും അകലെയായി സ്ഥിതി ചെയ്യുന്നു

ചെരിയാം മല

മങ്കടക്ക് സമീപത്തായി സ്ഥിതി ചെയ്യുന്നു.

കൊടിക്കുത്തിമല

വറ്റാത്ത ചോലകളാലും ഹരിതാഭമായ മലനിരകളാലും സമ്പന്നമായ ഈ സ്ഥലം മലബാറിന്റെ ഊട്ടി എന്ന് അറിയപ്പെടുന്നു. 522 മീറ്റര്‍ ഉയരത്തിലാണ് മല സ്ഥിതി ചെയ്യുന്നത്.

പ്രധാനപ്പെട്ട മറ്റ് സ്ഥലങ്ങള്‍

കോട്ടക്കുന്ന്

മലപ്പുറത്തെ മറൈന്‍ ഡ്രൈവ് എന്നറിയപ്പെടുന്ന ഈ സ്ഥലം ഒരു ഉദ്യാനം കൂടിയാണ്. ഇതിനോട് ചേര്‍ന്ന് തുറന്ന തീയേറ്റര്‍, ലളിത കലാ അക്കാഡമി, കലാ ഗാലറി, സാഹസികപാര്‍ക്ക്, കുട്ടികളുടെ പാര്‍ക്ക്, ബലൂണ്‍ പാര്‍ക്ക്, 16ഡി സിനിമ, വാട്ടര്‍ ഫൗണ്ടന്‍, ലേസര്‍ ഷോ എന്നിവ നടന്ന് വരുന്നു. മനോഹരമായ ഈ സ്ഥലം ജില്ലാ ആസ്ഥാനം നിലകൊള്ളുന്ന കന്റോണ്‍മെന്റ് ഹില്ലിന്റെ ഭാഗമായി നിലനില്‍ക്കുന്നു.

കോട്ടക്കല്‍

പേര് കേട്ട ആയുര്‍വേദ കേന്ദ്രമായ ആര്യവൈദ്യശാല നിലകൊള്ളുന്ന ഈ സ്ഥലത്ത് ആയുര്‍വേദ ഗവേഷണകേന്ദ്രവും ആശുപത്രിയും നിലകൊള്ളുന്നു.

നിലമ്പൂര്‍

ചാലിയാര്‍ പുഴയുടെ തീരത്തുള്ള ഈ ചെറുപട്ടണം ആദിവാസി ഊരുകള്‍, വെള്ളചാട്ടങ്ങള്‍, മഴക്കാടുകള്‍, ആഡംബരവൃക്ഷങ്ങള്‍ എന്നിവക്ക് പേര് കേട്ടതും ചോലനായ്ക്കന്‍മാര്‍ എന്നറിയപ്പെടുന്ന ആദിവാസി വിഭാഗത്തിന്റെ ജന്മദേശവുമായി കരുതപ്പെടുന്നു.

കനോലീസ് പ്ലോട്ട്

ലോകത്തെ തന്നെ ഏറ്റവും പഴക്കം ചെന്ന തേക്ക് പ്ലാന്റേഷനുകളിലൊന്നായ ഈ സ്ഥലം മലബാരിന്റെ ചുമതല വഹിച്ചിരുന്ന ബ്രിട്ടീഷ് മേധാവി കനോലിയുടെ നിര്‍ദ്ദേശപ്രകാരം 150 ല്‍ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് 14.8 ഏക്കറില്‍ ആണ് ആരംഭിച്ചത്. ആയതിലെ 5.8 ഏക്കറിലെ മരങ്ങള്‍ നാളിതുവരെയും സംരക്ഷിച്ച് വരുന്നു.

കുംഭാരന്‍ കരവിരുത് വില്ലേജ്

അരുവക്കോട് എന്ന സ്ഥലത്ത് താമസിക്കുന്ന പരമ്പരാഗത മണ്‍പാത്രത്തൊഴിലാളികള്‍ കുംഭാരന്‍ കരവിരുത് പദ്ധതിയുടെ ഭാഗമായി മണ്‍പാത്രനിര്‍മാണത്തില്‍ പുനരുജ്ജീവനം നടത്തി ഉപജീവനമാര്‍ഗമാക്കി മാറ്റിയിരിക്കുന്നു.

നെടുംകയം മഴക്കാട്

വൈവിധ്യമാര്‍ന്ന സസ്യജീവജാലങ്ങള്‍ക്ക് പേര് കേട്ട ഈ മഴക്കാട് നീലഗിരി ബയോസ്ഫിയര്‍ റിസര്‍വിന്റെ പ്രധാനഭാഗമാണ്.

ചാലിയാര്‍മുക്ക്

നിലമ്പൂര്‍ നഗരത്തില്‍ നിന്ന് 7 കിലോമീറ്റര്‍ അകലെയായിചാലിയാര്‍ നദിയോരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലത്തേക്ക് 2 കിലോമീറ്ററോളം വരുന്ന മഹാഗണി വനത്തിലൂടെ യാത്ര ചെയ്ത് എത്താവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക

സെക്രട്ടറി,
ഡിസ്ട്രിക്ട് ടൂറിസം പ്രൊമോഷൻ കൌൺസിൽ,
അപ്പ് ഹിൽ, മലപ്പുറം.
ഫോൺ : 0483-2734882