ആഘോഷങ്ങള്‍
മേളകളും ഉത്സവങ്ങളും
ആരാധനാലയങ്ങളാല്‍ സമ്പന്നമായ മലപ്പുറത്ത് ഉത്സവങ്ങളും മേളകളും ധാരാളമായുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ചുവടെ ചേര്‍ക്കുന്നു.
തിരുമാന്ധാംകുന്ന് പൂരം
കേരളത്തിലെ പ്രധാന മൂന്ന് ഭഗവതി ക്ഷേത്രങ്ങളില്‍ ഒന്നായ തിരുമാന്ധാംകുന്ന് ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പൂരവും അതിനോടനുബന്ധിച്ച് നടക്കുന്ന പൂജകളും, കലാപരിപാടികളും ശ്രദ്ധേയമാണ്.
കോട്ടക്കല്‍ പൂരം
മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി നടക്കുന്ന കോട്ടക്കല്‍ പൂരത്തിന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളില്‍ പങ്കെടുക്കാന്‍ രാജ്യത്തെ നാനാഭാഗത്തു നിന്നും കലാകാരന്‍മാര്‍ എത്തുന്നു.
നിലമ്പൂര്‍ പാട്ട്
പുരാതന ഉത്സവമായ നിലമ്പൂര്‍ പാട്ട് നിലമ്പൂര്‍ കോവിലകം നടത്തിപ്പുകാര്‍ ഫെബ്രുവരി മാസത്തില്‍ സംഘടിപ്പിച്ചു വരുന്നു. ആദികാല യുദ്ധവും വേട്ടയുമാണ് ആദിവാസി മൂപ്പന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ ആഘോഷത്തിന്റെ കാതല്‍.
കൊണ്ടോട്ടി നേര്‍ച്ച
കൊണ്ടോട്ടി പഴയങ്ങാടി പള്ളിയുടെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ നടന്നുവരുന്ന ഒരാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഇവിടെ നടക്കുന്നു.
പുത്തന്‍പള്ളി നേര്‍ച്ച
പെരുംപടപ്പ് പുത്തന്‍പള്ളിയില്‍ നടക്കുന്ന ആണ്ട് നേര്‍ച്ചയുടെ ഭാഗമായി വിശ്വാസികള്‍ക്കും പാവപ്പെട്ടവര്‍ക്കും നെയ്ച്ചോര്‍ നല്‍കുന്ന പതിവുണ്ട്.
ഓമനൂര്‍ നേര്‍ച്ച
കൊണ്ടോട്ടിയില്‍ നിന്ന് 6 കിലോ മീറ്റര്‍ അകലെയുള്ള ഓമനൂര്‍പള്ളി നേര്‍ച്ച രക്തസാക്ഷികളുടെ ഓര്‍മ്മക്കായി നടത്തുന്ന ആഘോഷ പരിപാടിയാണ്.
കൂടാതെ അങ്ങാടിപ്പുറത്തുള്ള മലപ്പറമ്പ് ക്രിസ്ത്യന്‍ പള്ളി പെരുന്നാള്‍, പരിയാപുരം, ചുങ്കത്തറ, എടക്കര പള്ളിപ്പെരുന്നാളുകളും ധാരാളം ആളുകളെ ആകര്‍ഷിക്കുന്ന ആഘോഷപരിപാടികളാണ്.
പരമ്പരാഗത ആഘോഷങ്ങളെല്ലാം ജില്ലയിലുടനീളം കൊണ്ടാടുന്നു. ഒപ്പനപ്പാട്ട്, ദഫ് മുട്ട്, കൈകൊട്ടിക്കളി, മാര്‍ഗം കളി എന്നിവ ജില്ലയുടനീളം കണ്ടുവരുന്നു. ടൂറിസം വകുപ്പിന്റെ ഭാഗമായി ഓണക്കാലത്ത് ഒരാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികള്‍ നടത്തി വരുന്നു.