ജില്ലയെ കുറിച്ച്
കിഴക്ക് നീലഗിരി മലനിരകളും പടിഞ്ഞാറ് അറബിക്കടലും അതിരായുള്ള, പേര് സൂചിപ്പിക്കുന്ന പോലെ മലനിരകള്‍ക്കൊപ്പമുള്ള സവിശേഷമായ പ്രകൃതിഭംഗിയോട് കൂടിയ ജില്ലയാണ് മലപ്പുറം. തെങ്ങിന്‍തോപ്പുകളാല്‍ നിറഞ്ഞ സമുദ്രതീരത്തേക്ക് മലനിരകളിലുടെ ഒഴുകിയെത്തുന്ന നദികളുമടങ്ങിയ ഈ നാട്ടില്‍ തനതായതും സംഭവവഹുലവുമായ ചരിത്രം മറഞ്ഞിരിക്കുന്നു.
ഈ മലമ്പ്രദേശം സംസ്ഥാനത്തെ സാംസ്കാരികവും പരമ്പരാഗതവുമായ കലകള്‍ക്കും ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ജില്ലയിലെ ആരാധനാലയങ്ങള്‍ വര്‍ണ്ണശബളമായ ആഘോഷങ്ങള്‍ക്ക് പേര് കേട്ടവയാണ്. മഹാന്മാരായ കവികളും, എഴുത്തുകാരും, രാഷ്ട്രീയ-സാമൂഹിക നേതാക്കളും ജന്മം കൊണ്ട ഈ നാട് കേരള ചരിത്രത്തിലും തനതായ സ്ഥാനം രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടന്ന ഐതിഹാസികമായ മാപ്പിള ലഹളക്കും ഖിലാഫത്ത് മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച മലപ്പുറം പുരാതനകാലം മുതല്‍ കോഴിക്കോട് സാമൂതിരിയുടെ സൈന്യത്തിന്റെ ആസഥാനവും കൂടിയായിരുന്നു. കിഴക്ക് നീലഗിരിക്കുന്നുകളും പടിഞ്ഞാറ് അറബിക്കടലും വടക്ക് കോഴിക്കോട് വയനാട് ജില്ലകളും തെക്ക് പാലക്കാട്, തൃശ്ശൂര്‍ ജില്ലകളും അതിരായുള്ള മലപ്പുറം ജില്ല രൂപീകരിക്കപ്പെട്ടത് 1969-ാമാണ്ട് ജൂണ്‍ 16 ന് ആണ്. 3550 സ്ക്വയര്‍ കിലോമീറ്റര്‍ ഭൂവിസ്തൃതിയുള്ള മലപ്പുറം കേരളത്തിലെ 3-ാമത്തെ വലിയ ജില്ലയും മൊത്തം ജില്ലയുടെ 9.13% അടങ്ങുന്നതുമാകുന്നു.
ഭൂപ്രകൃതി
മലപ്പുറം ജില്ല ഭൂപടത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് രേഖാംശരേഖ കിഴക്ക് 75 നും 77 നും അക്ഷാംശ രേഖ വടക്ക് 10 നും 12 നും ഡിഗ്രിയുടെ ഇടയിലാണ്.
മലപ്പുറം ജില്ലയുടെ ഭൂഘടനയെ താഴ്ന്ന പ്രദേശം, ഉള്‍പ്രദേശം, ഉയര്‍ന്ന പ്രദേശം എന്നിങ്ങനെ മൂന്നായ് തരം തിരിക്കാം. സമൂദ്രതീരത്തുടനീളമായി താഴ്ന്ന പ്രദേശവും, മധ്യഭാഗത്ത് ഉള്‍പ്രദേശവും, കിഴക്ക്, കിഴക്ക്-പടിഞ്ഞാറ് അതിര്‍ത്തികളിലായി ഉയര്‍ന്ന പ്രദേശവും സ്ഥിതി ചെയ്യുന്നു. കിഴക്ക് നീലഗിരി കുന്നുകളോട് ചേര്‍ന്ന് വലിയ കാടില്‍ തുടങ്ങി പതിയെ ചെറുകുന്നുകളിലൂടെയും താഴ്വാരങ്ങളിലൂടെയും പോയി പടിഞ്ഞാറ് ഭാഗത്തുള്ള മണല്‍ത്തിട്ടകളില്‍ നിലകൊള്ളുന്ന വലിയ തെങ്ങിന്‍തോപ്പുകളില്‍ അവസാനിക്കുന്ന തികച്ചും നിമ്നോന്മതമായ ഭൂപ്രകൃതി സ്വന്തമായുള്ളതാണ് ഈ ജില്ല.
സംസ്ഥാനത്തെ പ്രധാന നാല് നദികളായ ചാലിയാര്‍, കടലുണ്ടിപ്പുഴ, ഭാരതപ്പുഴ, തിരൂര്‍പ്പുഴ എന്നിവ ജില്ലയിലുടെ ഒഴുകുന്നു.
169 കിലോ മീറ്റര്‍ നീളമുള്ള ചാലിയാര്‍പ്പുഴ തമിഴ്നാട്ടിലെ ഇളംബലേരി കുന്നില്‍ നിന്ന് ആരംഭിക്കുന്നതും ചാലിപ്പുഴ, പുന്നപ്പുഴ, പാണ്ടിയാര്‍, കരിമ്പുഴ, ചെറുപുഴ, വടപുരംപുഴ എന്നീ പ്രധാന പോഷകനദികള്‍ ഉള്‍പ്പെട്ടതുമാണ്. ചാലിയാര്‍ നദി നിലമ്പൂര്‍, മമ്പാട്, എടവണ്ണ, അരീക്കോട്, വാഴക്കാട് എന്നിവിടങ്ങളിലൂടെ ഒഴുകി കോഴിക്കോടിലെ ബേപ്പൂര്‍ കടലില്‍ ലയിക്കുന്നു.
130 കിലോമീറ്ററോളം നീളമുള്ള കടലുണ്ടിപ്പുഴ രൂപം കൊള്ളുന്നത് ചേരക്കൊമ്പന്‍ നിരകളില്‍ ഉല്‍ഭവിക്കുന്ന ഒലിപ്പുഴ, ഇരട്ടക്കൊമ്പന്‍ നിരകളില്‍ ഉല്‍ഭവിക്കുന്ന വെളിയാര്‍ എന്നീ നദികളുടെ സംഗമത്തിലൂടെയാണ്. ഈ നദി സൈലന്റ് വാലിയുടെ വന്യതയിലുടെ ഒഴുകി ഏറനാട്, വള്ളുവനാട് പ്രദേശങ്ങളില്‍ വരുന്ന മേലാറ്റൂര്‍, പാണ്ടിക്കാട്, മലപ്പുറം, പാണക്കാട്, പരപ്പൂര്‍, കൂറിയാട്, തിരൂരങ്ങാടി എന്നിവിടങ്ങളിലൂടെ കടന്ന് കടലുണ്ടി നഗരത്തിലെ കടലില്‍ ലയിക്കുന്നു.
കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ ഭാരതപ്പുഴ ജില്ലയുടെ തെക്കേ അതിരിലൂടെ ഒഴുകി പൊന്നാനി കടലില്‍ ലയിക്കുന്നു. ഇതിന്റെ പ്രധാന പോഷകനദിയായ തൂതപ്പുഴ സൈലന്റ് വാലിയില്‍ ഉല്‍ഭവിച്ച് തൂത, ഏലംകുളം, പുലാമന്തോള്‍ എന്നിവിടങ്ങളിലൂടെ ഒഴുകി പള്ളിപ്പുറത്ത് വെച്ച് പ്രധാന നദിയില്‍ ലയിക്കുന്നു. പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലുടെ തുടരുന്ന ഈ നദി തിരുവേഘപ്പുരയില്‍ വെച്ച് വീണ്ടും ജില്ലയില്‍ പ്രവേശിക്കുകയും കുറ്റിപ്പുറം തൊട്ട് പൊന്നാനി കടലില്‍ ലയിക്കുന്നത് വരെ ജില്ലയില്‍ മാത്രമായി സ്ഥിതി ചെയ്യുകയും ചെയ്യുന്നു.
48 കിലോ മീറ്റര്‍ നീളം വരുന്ന തിരൂര്‍പ്പുഴ തിരൂരിലെ ആതവനാട് നിരകളില്‍ ഉല്‍ഭവിക്കുന്നതും തെക്ക്-പടിഞ്ഞാറ് ദിശയിലുടെ തിരുനാവായ വരെ ഒഴുകിയ ശേഷം ദിശ മാറി തിരൂര്‍ നഗരത്തെ ചുറ്റി ഒഴുകിയ ശേഷം വീണ്ടും തെക്ക്-പടിഞ്ഞാറ് ദിശയിലുടെ കടലിന് സമാന്തരമായി ഒഴുകി പൊന്നാനി തുറമുഖത്തിന് മുമ്പായി ഭാരതപ്പുഴയില്‍ ലയിക്കുന്നു.
മേല്‍പ്പറഞ്ഞ നദികളില്‍ ചാലിയാര്‍ വറ്റാത്തതും ബാക്കിയുള്ളവ ഉഷ്ണകാലത്ത് വറ്റുന്നതുമാണ്. ഈ ഒരു കാരണത്താല്‍ ജില്ല വരള്‍ച്ച ഭീഷണി നേരിടുന്നു. തിരൂര്‍ പൊന്നാനി താലൂക്കുകളില്‍ ബിയ്യാം, വെളിയങ്കോട്, മണ്ണൂര്‍, കൊടിഞ്ഞി കായലുകള്‍ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും സൗകര്യമുള്ളതാണ്.
കാലാവസ്ഥ
ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ വരണ്ടതും, മാര്‍ച്ച് മുതല്‍ മെയ് വരെ ഉഷ്ണവും, ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണും, ഒക്ടോബര്‍ മുതല്‍ നവമ്പര്‍ മാസം വരെ വടക്ക് കിഴക്കന്‍ മണ്‍സൂണും സാധാരണയായി ജില്ലയില്‍ കണ്ടുവരുന്ന കാലാവസ്ഥ ശൈലിയാണ്. ഇതില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ സാധാരണയായി വളരെ കനത്തതും ജില്ലയില്‍ ലഭിക്കുന്ന 75% മഴയുടെ ശ്രോതസ്സുമാകുന്നു. 20 നും 30 നും ഡിഗ്രി സെല്‍ഷ്യസിനിടയില്‍ താപനില മാറിമറിയുന്നതും പൊതുവെ ചൂടുള്ളതും ഈര്‍പ്പമേറിയതുമായ കാലാവസ്ഥയുള്ള ഈ ജില്ലയില്‍ ശരാശരി 290 മില്ലി മീറ്റര്‍ വാര്‍ഷികമഴ ലഭിക്കുന്നു.
സസ്യ ജീവജാലങ്ങള്‍
ജില്ലയില്‍ മൊത്തം 758.87 ചതുരശ്ര കിലോമീറ്ററ്‍ വനവിസ്തൃതി ഉള്ളതും ആയതില്‍ 325.33 ചതുരശ്ര കിലോമീറ്റര്‍ റിസര്‍വ് വനവും, 433.54 ചതുരശ്ര കിലോമീറ്റര്‍ നിക്ഷിപ്തവനവുമാകുന്നു. വനമേഖലയുടെ പ്രധാനഭാഗങ്ങള്‍ പശ്ചിമഘട്ടത്തില്‍ വരുന്ന നിലമ്പൂര്‍, വണ്ടൂര്‍, മേലാറ്റൂര്‍ ബ്ലോക്കുകളിലായി സ്ഥിതി ചെയ്യുന്നു. ജില്ലയിലെ വനവിസ്തൃതിയുടെ 80 ശതമാനവും ഇലപൊഴിയും വനങ്ങളും, ബാക്കിയുള്ളവ നിത്യഹരിത വനങ്ങളുമാണ്. ജില്ലയില്‍ കണ്ട് വരുന്ന പ്രധാനമരങ്ങള്‍ തേക്ക്, ഈട്ടി, വെണ്‍തേക്ക്, ചോറോപ്പിന്‍, മഹാഗണി മുതലായവും പ്ലൈവുഡ് വ്യവസായത്തിന് ഉപയോഗിക്കുന്ന കുളമാവ്, വില്ലപൈന്‍ എന്നീ മരങ്ങളുമാണ്. മുളങ്കാടുകളും വനമേഖലയിലുടനീളം കാണപ്പെടുന്നു. കൂടാതെ ജില്ലയില്‍ പ്രധാനമായും തേക്കടങ്ങുന്ന മനുഷ്യനിര്‍മിതമായ പ്ലാന്റേഷനുകളും ധാരാളം സ്ഥിതി ചെയ്യുന്നു.
വിവിധയിനം പക്ഷികള്‍ക്കും ഉരഗജീവികള്‍ക്കും പുറമേ ആന, മാന്‍, നീലക്കുരങ്ങ്, കരടി, കാട്ടുപോത്ത്, മുയലുകള്‍ എന്നിവയും വനമേഖലയില്‍ കണ്ട് വരുന്നു. വനമേഖലയാണ് ജില്ലയിലെ മരവ്യവസായത്തിന്റെ അസംസ്കൃതവസ്തുക്കളുടെ പ്രധാനശ്രോതസ്സ്. കൂടാതെ വിറക്, ജൈവവളം, തേന്‍, പച്ച മരുന്നുകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയും വനമേഖലയില്‍ നിന്ന് ലഭിക്കുന്നവയും ആദിവാസി ഊരുകളില്‍ വസിക്കുന്നവര്‍ ആയത് പ്രധാനമായും ശേഖരിച്ചു വരുന്നതുമാണ്. പേപ്പര്‍ വ്യവസായത്തിലേയ്ക്കുള്ള മുള പ്രധാനമായും ലഭിക്കുന്നത് നിലമ്പൂര്‍ വനമേഖലയില്‍ നിന്നാണ്. ജില്ലയിലെ സ്വാഭാവിക വനമേഖല നിലമ്പൂര്‍ നോര്‍ത്ത്, നിലമ്പൂര്‍ സൗത്ത് എന്നീ രണ്ട് ഫോറസ്റ്റ് ഡിവിഷനുകളാല്‍ സംരക്ഷിക്കപ്പെടുന്നു. 50 ഏക്കറോളം കണ്ടല്‍ക്കാടുകളും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ കടലുണ്ടി അഴിമുഖത്തില്‍ വ്യാപിച്ച് കിടക്കുന്നു.